കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു; രൂക്ഷമായ കടലാക്രമണം

News

തിരുവനന്തപുരം: കേരളത്തില്‍ കാലവർഷം ശക്തമായി തുടരുന്നു. മിക്ക പ്രദേശങ്ങളിലും മഴ നന്നായി തന്നെ ലഭിക്കുന്നുണ്ട്. 9 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് നേരത്തെ പിൻവലിച്ചിരുന്നു.  എങ്കിലും അപൂർവം ഇടങ്ങളിൽ 12 സെന്‍റീമീറ്ററിന് മുകളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. 

തീരദേശ ജില്ലകളിൽ 12 സെന്‍റീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. അടുത്ത 5 ദിവത്തേക്ക് സംസ്ഥാനമാകെ നല്ല മഴ ലഭിക്കും. 'വായു' ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കടലാക്രമണവും കനത്ത കാറ്റും തീരത്ത് തുടരുകയാണ്. രണ്ട് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. 

സംസ്ഥാനത്തെ മിക്ക തീരപ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമാണ്. ആലപ്പുഴ അമ്പലപ്പുഴ മേഖലയിൽ മുപ്പതിലധികം വീടുകൾ ഇപ്പോള്‍ തന്നെ തകർച്ചാ ഭീഷണിയിലാണ്. അറ്റകുറ്റപ്പണി നടത്താത്തത് മൂലം കടൽഭിത്തി തകർന്നതാണ് സ്ഥിതി രൂക്ഷമാക്കിയത്. എറണാകുളം ചെല്ലാനത്തും കോഴിക്കോട് തീരങ്ങളിലും കടൽ ഭിത്തി തകർന്ന് തീരപ്രദേശങ്ങളിലെ വീടുകൾ കടലെടുക്കുമെന്ന സ്ഥിതിയാണ്. തിരുവനന്തപുരം വലിയതുറയിൽ വൻ കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്. തീരമേഖലയിലെ വീടുകൾ പലതും കടലെടുത്തു. 

കടൽക്ഷോഭത്തെ തുടർന്ന് തൃശ്ശൂരിലെ തീരദേശ മേഖലകളിൽ നിന്ന് 117 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.29 കുട്ടികളടക്കം 423 പേരാണ് കൊടുങ്ങല്ലൂരിലും എടവിലങ്ങിലുമുള്ള ക്യാംപുകളിൽ കഴിയുന്നത്. കൊടുങ്ങല്ലൂരിലും എടവിലങ്ങിലുമുള്ള ക്യാംപുകളിലേക്കാണ് ഇവരെ മാറ്റിയത്. കടൽക്ഷോഭം രൂക്ഷമായാൽ ചാവക്കാട്ടും ദുരിതാശ്വാസ ക്യാംപ് തുറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. 

(ANWESHANAM)

Download Our Free App