പുത്തുമല ഉരുൾ പൊട്ടൽ, കനത്ത മഴക്കൊപ്പം സോയില്‍ പൈപ്പിങ്:ജില്ലാ മണ്ണ് സംരക്ഷണവിഭാഗം

News

വയനാട് :പുത്തുമല ദുരന്തത്തിനിടയാക്കിയത് കനത്ത മഴക്കൊപ്പം സോയില്‍ പൈപ്പിങ് എന്ന പ്രതിഭാസവും. വ്യാപകമായി മരം മുറി നടന്ന പ്രദേശങ്ങളിലാണ് സോയില്‍ പൈപ്പിങ് സംഭവിക്കുന്നത്. മുറിച്ച മരത്തിന്റെ ജീര്‍ണിച്ച വേരുകളിലൂടെ വെള്ളം ഇറങ്ങിയാണ് സോയില്‍ പൈപ്പിങ് നടക്കുന്നത്. ഇതുവഴിയുണ്ടായ വലിയ തോതിലുള്ള മണ്ണിടിച്ചിലാണ് മേഖലയില്‍ ദുരന്തമുണ്ടാക്കിയതെന്നാണ് കരുതപ്പെടുന്നത്.

പുത്തുമലയില്‍ ഒന്നര മീറ്റര്‍ മാത്രമാണ് മണ്ണിന്റെ കനം. മാത്രമല്ല ഇരുപത് മുതല്‍ അറുപത് ഡിഗ്രി വരെ ചെരിവുള്ള പ്രദേശവുമാണിത്. ഇവിടെ വെള്ളമിറങ്ങിയതോടെ മണ്ണും പാറയും തമ്മിലുള്ള ബന്ധമില്ലാതായി. ഇതോടെയാണ് മണ്ണിടിച്ചിലുണ്ടായത്.

വയനാട് ജില്ലാ മണ്ണ് സംരക്ഷണവിഭാഗം മേധാവി പി യു ദാസിന്റേതാണ് കണ്ടെത്തല്‍. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ജില്ലാ മണ്ണ് പരിശോധനാ വിഭാഗം മേധാവി ജില്ലാ കലക്ടര്‍ക്ക് നല്‍കി.കോഴിക്കോട് കാരശ്ശേരിയിലും സോയില്‍ പൈപ്പിംഗ് പ്രതിഭാസമെന്ന് സംശയം. ഭൂമിക്കടിയിലൂടെ വെള്ളവും കളിമണ്ണും ഒഴുകിയെത്തുന്നതും ദുരന്തത്തിന് കാരണമാകുന്നു.

നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് കാരശ്ശേരിയിലേത്. ഇത്തരത്തില്‍ ക്വാറികളില്‍ പാറപൊട്ടിക്കുന്നത് സോയില്‍ പൈപ്പിംങിന്റെ ആഘാതം കൂട്ടുമെന്ന് നേരത്തെ പഠനങ്ങളില്‍ വ്യക്തമായിരുന്നു.

(ANWESHANAM)

Download Our Free App