സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നു; ഇന്ന് മൂന്ന് മരണം; നിരവധി വീടുകൾ തകർന്നു

News

തിരുവനന്തപുരം: വായു ചുഴലിക്കാറ്റിന്‍റെ സാന്നിധ്യത്തെ തുടര്‍ന്ന് സംസ്ഥനത്ത് പരക്കെ ശക്തമായ തുടരുന്നു. കനത്ത മഴയും കാറ്റും മൂലം മരം വീണ് സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശിയായ സിബി കല്ലിങ്കൽ (49), ശാസ്താംനട സ്വദേശിനി സരസ്വതി എന്നിവരാണ് മരിച്ചത്. കടലിൽ കാണാതായ തങ്കശ്ശേരി സ്വദേശി ആഷിഖിന്‍റെ മൃതദേഹവും ഇന്ന് കണ്ടെത്തി. 

സംസ്ഥാനത്തെ തീരമേഖലകളില്‍ കടുത്ത കടല്‍ക്ഷോഭം ഇന്നും തുടരുകയാണ്. നൂറുകണക്കിന് വീടുകളിലാണ് ഇന്ന് വെള്ളം കയറിയത്. താനൂരിലും ചെല്ലാനത്തും നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. കടൽഭിത്തി കെട്ടാത്തതിൽ പ്രതിഷേധിച്ച് താനൂരിലെ മത്സ്യത്തൊഴിലാളികള്‍  മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പൊന്നാനി.ആറാട്ടുപുഴ, അമ്പലപ്പുഴ, കൊയിലാണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാണ്. പൊന്നാനിയില്‍ 12 വീടുകള്‍ പൂര്‍ണമായും അന്‍പത് വീടുകള്‍ ഭാഗീകമായും തകര്‍ന്നു. 

ചെല്ലാനം കടപ്പുറം സന്ദര്‍ശിക്കാന്‍ എത്തിയ എറണാകുളം ജില്ലാ കളക്ടര്‍ മഴക്കെടുതി നേരിടുന്ന മത്സ്യത്തൊഴിലാളികളെ കണ്ട് ചര്‍ച്ചയ്ക്ക് തയ്യാറാവഞ്ഞത് പ്രതിഷേധത്തിന് കാരണമായി. ചെല്ലാനത്ത് കടൽക്ഷോഭം തടയാൻ രണ്ടു ദിവസത്തിനകം ജിയോ ബാഗ് സ്‌ഥാപിക്കും സമര സമിതിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനുള്ള നിര്‍ദേശം ജലസേചന വകുപ്പിന് നല്‍കിയിട്ടുണ്ട്. 

അതേസമയം കടൽ ക്ഷോഭം നേരിടാൻ ജനകീയ സമിതികൾ രൂപീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കരാറുകാർക്ക് പകരം മത്സ്യതൊഴിലാളികളെ ഉപയോഗിച്ച് തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പദ്ധതിയുടെ ഏകോപന ചുമതല ജില്ലാ കളക്ടര്‍ വഹിക്കും. 

ഇന്ന് മരിച്ച കർഷകൻ സിബി കല്ലിങ്കൽ മികച്ച കർഷകനുള്ള പുരസ്കാരം നേടിയ വ്യക്തിയാണ്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ കീർത്തിമുദ്ര പുരസ്കാരവും ഇദ്ദേഹം nediyittund. തൃശ്ശൂര്‍ സ്വദേശിയായ സിബി ഇടുക്കിയിലെ തോട്ടത്തില്‍ നിന്നും ഏലത്തൈകള്‍ വാങ്ങാനെത്തിയപ്പോള്‍ മരണം തലയിലേക്ക് വീണ് മരിക്കുകയായിരുന്നു. പരിക്കേറ്റ സിബിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരിച്ചിരുന്നു.

(ANWESHANAM)