‘വായു’ ചുഴലിക്കാറ്റ് രൂപം കൊണ്ടു; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

news

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടു. 'വായു' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇതേ തുടർന്ന് വടക്കൻ കേരളത്തിലും കർണാടക, ഗോവ തീരങ്ങളിലും കനത്തമഴക്ക് സാധ്യതയുണ്ട്.

വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കും സാദ്ധ്യതയുണ്ട്. ഉരുള്‍പൊട്ടലുണ്ടാവുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് രാത്രിയാത്രകള്‍ ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മണിക്കൂറില്‍ 60 കി.മീ.വേഗതയുള്ള കാറ്റിനും സാധ്യത. കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകും. ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലർട്ടായിരിക്കും.

(ANWESHANAM)

Download Our Free App