A part of Indiaonline network empowering local businesses
Chaitra Navratri

ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിന്‍റെ പൊലീസ് മെഡല്‍ പിന്‍വലിച്ചു

News

ന്യൂഡല്‍ഹി: ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗിന് സമ്മാനിച്ച പൊലീസ് മെഡല്‍ പിന്‍വലിച്ചു. ഷേര്‍ ഇ കശ്മീര്‍ മെഡല്‍ പിന്‍വലിച്ച്‌ കൊണ്ട് കശ്മീര്‍ ലെഫ്‍ന്‍റ് ഗവര്‍ണര്‍ ഉത്തരവ് പുറത്തിറക്കി. 

സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച്‌ ജമ്മു കശ്മീര്‍ പൊലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് പൊലീസ് മെഡല്‍ പിന്‍വലിച്ചിരിക്കുന്നത്. ഡിഎസ്പി റാങ്കിലുള്ള ദേവീന്ദര്‍ സിംഗിന്റെ സ്ഥാനക്കയറ്റത്തിനായുള്ള നടപടികള്‍ മരവിപ്പിച്ചതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടായ ദേവീന്ദ്ര സിംഗിനെ കസ്റ്റഡിയിലെടുത്തത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സെയ്ദ് നവീദ് മുഷ്താഖ്, തീവ്രവാദിയായ റാഫി റാത്തര്‍, അഭിഭാഷകനായ ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നിവരൊടൊപ്പമാണ് സിംഗ് കസ്റ്റഡിയിലായത്.

ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച തീവ്രവാദികള്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീവ്രവാദികളെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലില്‍ ദേവീന്ദര്‍ സിംഗ് സമ്മതിച്ചതായും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. 

(ANWESHANAM)

1554 Days ago